Puthiya Theerangal Malayalam Movie Review

Arjun September 28, 2012 2
Puthiya Theerangal Malayalam Movie Review
  • Direction
  • Story & Screenplay
  • Cinematography

പുതിയ തീരങ്ങള്‍, അഥവാ പഴയ തീരങ്ങള്‍ Reloaded (Version 3.0)

പുതിയ തീരങ്ങളില്‍ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് രണ്ടാമത് ഒന്ന് ആലോചിക്കാതെ പറയാം…പക്ഷെ…ചില കഥകള്‍ അങ്ങനെയാണ്…മുത്തശ്ശി കഥകള്‍ പോലെ…ഏത്ര പറഞ്ഞു കേട്ടാലും മതിയാവില്ല….കേള്‍ക്കുന്ന ആള്‍ക്കും, പറയുന്ന ആള്‍ക്കും…സാധാരണക്കാരില്‍ സാധാരണക്കാരായ കുറച്ചു നന്മ നിറഞ്ഞ കഥാപാത്രങ്ങളുമായി മറ്റൊരു സത്യന്‍ അന്തികാട് ചിത്രം, ’പുതിയ തീരങ്ങള്‍’ !!

‘ആന്‍ മെഗാ മീഡിയ അവതരിപ്പിക്കുന്നു ’ ഇതേ ഇടിക്കൂട്ടില്‍ നിന്ന് വന്ന മല്ലു സിംഗ് എന്ന ഉണ്ണിക്കുട്ടന്‍ തന്ന ഇടിയുടെ മന്ദത ഒന്ന് മാറി വരുന്നതെ ഉള്ളു ) എന്ന് കണ്ടപ്പോള്‍ ഉണ്ടായ ചങ്കിടിപ്പ്, തെല്ലൊന്നു കുറഞ്ഞത്‌ സംവിധാനം-സത്യന്‍ അന്തികാട് എന്ന് എഴുതി കാണിച്ചപ്പോഴാണ്‌.. ഫസ്റ്റ് ഷോ കാണാന്‍ തിയേറ്ററില്‍ കേറുന്നതിനു മുന്‍പ് OLD GENERATION ( അങ്ങനെ ഒരു ഐറ്റം ഉണ്ടെങ്കില്‍ ) സിനിമകളുടെ ശവപ്പറമ്പും, NEW GENERATION ( അങ്ങനെ ഒരു ഐറ്റം ഉണ്ടെങ്കില്‍ ) ചിത്രങ്ങളുടെ പ്രസവ വാര്‍ഡും ആയ ഫേസ്ബുക്കില്‍ കയറി പരതിയപ്പോള്‍ കണ്ട വാര്‍ത്തകള്‍ ഭയാനകം ആയിരുന്നു. ‘BELOW AVERAGE FILM, AVERAGE ONLY, SATHYAN ANTHIKAD SHOULD QUIT ‘ . ഈ പരാതികള്‍ ഒക്കെ പറഞ്ഞ പ്രിയ ഫേസ്ബുക്ക്‌ സുഹൃത്തുക്കളോട് ഒരു വാക്ക്- പ്രിയപ്പെട്ടവരേ.. നിങ്ങള്‍ സദയം ക്ഷമിക്കുക… ഇത് നിങ്ങള്‍ക്കു വിധിക്കപെട്ട കനി അല്ല… നിങ്ങളുടെ വിധി തൊട്ടടുത്തുള്ള തിയേറ്ററില്‍ അനൂപ്‌ മേനോന്‍ ആയും ഗോവയിലെ ഭര്‍ത്താക്കന്മാരായും ഒക്കെ അവതരിച്ചിട്ടുണ്ട്.അവരെ പ്രോത്സാഹിപ്പിക്കുക.. അനുഗ്രഹിക്കുക..

ബഹളങ്ങള്‍ ഒന്നും ഇല്ലാത്ത ശാന്തമായ ഒരു ചെറിയ സിനിമ..അതാണ് പുതിയ തീരങ്ങള്‍.

ഒരു കാലത്ത് ശങ്കരാടിയെയും, കരമനയെയും, ഒടുവില്‍ ഉണ്ണികൃഷ്ണനെയും ഒക്കെ വെച്ച് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സത്യന്‍ സര്‍ ഇത്തവണയും നല്‍കിയിരിക്കുന്നത് കുടുംബ സമേതം കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണ്‌. യാതൊരു വിധ  പുതുമയും  അവകാശപെടാന്‍ ഇല്ലാത്ത ഒരു കഥയാണ് ബെന്നി പി നായരമ്പലം എഴുതിയിരിക്കുന്നത്.എന്നാല്‍ അവതരണത്തിലെ സത്യന്‍  അന്തികാട് ടച്ച്‌ ഈ കുറവ് ഒരു പരിധി വരെ പരിഹരിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നു തരിപ്പണമായ ഒരു ബോള്‍ഡ് ക്ലീഷേ കഥാപാത്രമായി നമിത അവതരിപ്പിച്ച താമര എന്ന പ്രധാന കഥാപാത്രം മാറിയിട്ടില്ല. നെടുമുടി വേണു ചെയ്ത കെ പി എന്ന കഥാപാത്രത്തിനും അദ്ദേഹം തന്നെ അവതരിപ്പിച്ച പല പഴയ കഥാപാത്രങ്ങളോടും സാദൃശ്യം തോന്നുമെങ്കിലും അത് തികച്ചും യാദൃശ്ചികം മാത്രമായി കാണാന്‍ കഴിയുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് പുതിയ തീരങ്ങള്‍.  സ്വാഭാവിക അഭിനയം കാഴ്ച വെക്കാന്‍ കെല്‍പ്പുള്ള ഒരു പറ്റം ചെറുപ്പക്കാരെ സത്യന്‍ സര്‍ ഇത്തവണ പരീക്ഷിച്ചിരിക്കുന്നു. സിനിമയുടെ പ്രധാന ആകര്‍ഷണവും ഇത് തന്നെയാണ്.സിദ്ധാര്‍ഥ്‌ ശിവ ഉള്‍പ്പടെ ഉള്ള ചെറുപ്പക്കാര്‍ മലയാള സിനിമയ്ക്കു ഒരു മുതല്‍ക്കൂട്ട് ആവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. വേണു എന്ന പരിചയ സമ്പന്നനായ ക്യാമറമാന്‍ പകര്‍ത്തിയ ഫ്രേമുകള്‍ മനോഹരമാണ്. കഥയും തിരക്കഥയും പുതുമ നല്‍ക്കാതെ നില്‍ക്കുമ്പോഴും ആകര്‍ഷകമായ ഷോട്ടുകള്‍ കൊണ്ട് അത്ഭുദം തീര്‍ക്കുന്നു വേണു സര്‍.

പുതുമയില്ലാത്ത കഥ ഒരു വലിയ കുറ്റം ആണെങ്കില്‍ തട്ടത്തിന്‍ മറയത്തും ഓര്‍ഡിനറിയും വിജയിപ്പിച്ചവര്‍ തന്നെ കല്ലെറിയട്ടെ ഈ ചിത്രത്തിന്റെ തിരക്കഥകൃത്തിനെയും സംവിധായകനെയും.തന്‍റെ തന്നെ മുന്‍ ചിത്രങ്ങളോട് ഒരുപാട് സമാനതകള്‍ ഉള്ള കഥയും കഥാപാത്രങ്ങളും തന്നെയാണ് സത്യന്‍ സര്‍ ഈ സിനിമയിലും അവതരിപ്പിക്കുന്നതെങ്കിലും ആവര്‍ത്തന വിരസത എന്ന അനുഭൂതി ക്ലൈമാക്സ്‌ ഉള്‍പ്പടെ  ഉള്ള വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമേ അദ്ദേഹം അനുഭവിപ്പിക്കുന്നുള്ളൂ എന്നത് ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.

പുതുമയുള്ള കഥയും അവതരണവും ആഗ്രഹിച്ചു സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് തീര്‍ച്ചയായും നിരാശ നല്‍കും ഈ സത്യന്‍ അന്തികാട് ചിത്രം. പക്ഷെ ലൈറ്റ് അയ ഒരു കൊച്ചു ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കാണാം പുതിയ തീരങ്ങള്‍.

2 Comments »

  1. maya venugopal September 28, 2012 at 4:40 pm - Reply

    nice review. keep adding more & more…

  2. Nidhin Mathew September 28, 2012 at 5:04 pm - Reply

    aliya, kalakkan reviews.

Leave A Response »