Bavuttiyude Namathil Movie Review ബാവുട്ടിയുടെ നാമത്തില്‍

Arjun December 22, 2012 0
Bavuttiyude Namathil Movie Review ബാവുട്ടിയുടെ നാമത്തില്‍
  • Direction
  • Script
  • Music & BGM
  • The 'Mammootty' Factor

നാട്ടിന്‍പുറത്തുകാരിയായ നായകനും നായികയും.ജന്മനാ ദരിദ്രവാസിയായ നായകനു കളരി,നൃത്തം,കഥകളി തുടങ്ങി ഏതെങ്കിലും കലാരൂപങ്ങളോ സ്കൂള്‍ അധ്യാപനമോ ആവാം പണി .നായികക്ക് ആദ്യം ആരാധന, പിന്നീടു പ്രേമം, ഒളിച്ചോട്ടം, നാട്ടിന്‍പുറത്തെ ക്ഷേത്രത്തില്‍ കൂട്ടുകാരുടെ ഒത്താശയോടെ കല്യാണം.കല്യാണം കഴിഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ദേ വരുന്നു വില്ലന്‍ ( ഒന്നെങ്കില്‍ നായികയുടെ ആങ്ങളയുടെയും കൂട്ടുകാരുടെയും രൂപത്തില്‍, അല്ലെങ്കില്‍ നായികയുടെ അച്ഛന്‍റെയോ അമ്മാവന്‍റെയോ രൂപത്തില്‍, അതുമല്ലെങ്കില്‍ അമ്മയുടെയോ അമ്മായിയുടെയോ രൂപത്തില്‍ )

വില്ലന്‍ നായികയെ ബലമായി പിടിച്ചു കെട്ടി കൊണ്ടുപോകുന്നു .നായിക വണ്ടിയില്‍ ഇരുന്നു തല്ലു കൊള്ളാന്‍ തുടങ്ങുന്ന നായകനെ കണ്‍ കുളിര്‍ക്കെ കണ്ടു വിതുമ്പുന്നു.നായികയുടെ കല്യാണം മറ്റൊരു കോടീശ്വരനും ആയി നടക്കുന്നു.അവര്‍ സന്തോഷത്തോടെ ജീവിതം നയിക്കുന്നതിന് ഇടക്ക് ഇടുത്തീ പോലെ അയാള്‍ കടന്നു വരുന്നു-പഴയ നായകന്‍ അഥവാ പുതിയ വില്ലന്‍ . തങ്ങളുടെ പഴയ കഥകള്‍ കോടീശ്വരനായ ഭര്‍ത്താവിനോട് തുറന്നു പറയും എന്ന് പറഞ്ഞു അയാള്‍ അവളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു.ഉദ്വേഗജനകമായ നിമിഷങ്ങള്‍…

ഒടുവില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപെട്ട് അവര്‍ സന്തോഷകരമായ ജീവിതം തുടരുന്നു.ശുഭം !!

യുഗ യുഗാന്തരങ്ങള്‍ ആയി മലയാള സിനിമയില്‍ കണ്ടു വരുന്ന ഒരു പ്രത്യേകതരം കഥാ തന്തുവാണ് ഇത്.ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം കണ്ടവര്‍ക്ക് മനസിലാകും ഈ ലേഖനത്തില്‍ ഇത് പറഞ്ഞതിന്‍റെ പ്രസക്തി.പറഞ്ഞു പറഞ്ഞു പഴകിയ കഥകള്‍ പുതുമയാര്‍ന്ന ദൃശ്യ ഭാഷ വരുത്തി പറയുന്നതില്‍ വലിയ തെറ്റില്ല.എന്നാല്‍ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ കൊടുക്കുന്ന ഏര്‍പ്പാടിനെ ക്ലിഷേ എന്ന് വിളിക്കാം.

 

mammootty-bavuttiyude-namathilതീര്‍ച്ചയായും നന്മ നിറഞ്ഞ ഒരു ചിത്രം തന്നെയാണ് ബാവൂട്ടിയുടെ നാമത്തില്‍ . മമ്മൂട്ടി എന്ന മലയാളത്തിന്‍റെ മഹാ നടന്‍റെ റേഞ്ച് മനസിലാക്കി തരാന്‍ പോന്ന കഥാപാത്രം തന്നെയാണ് ബാവൂട്ടിയും.പക്ഷെ നല്ല കഥാപാത്രങ്ങള്‍ പുതുമയുള്ള കഥാ പശ്ചാത്തലത്തില്‍ വരുമ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാവുന്നത്.രസകരമായ രീതിയില്‍ കഥകള്‍ പറഞ്ഞു തരാനുള്ള രഞ്ജിത്ത്ന്‍റെ കഴിവിനെ പറ്റി സംശയിക്കേണ്ട കാര്യമേ ഇല്ല.സാരോപദേശ കഥകള്‍ മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല.ഉപദേശിച്ചു ഉപദേശിച്ചു ഒരു വഴിക്കായ അന്തിക്കാട്ടുകാരന്‍ മുഷിപ്പിച്ചു തുടങ്ങിയിടത്ത് നിന്നാണ് രഞ്ജിത്ത് എന്ന കഥാകാരന്‍ നന്മ – തമാശ കോമ്പിനേഷനുമായി വരുന്നത്.പ്രാഞ്ചിയും, ജെ പി -ഉം മലയാളികളെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിച്ചു.അതേ രേഖയില്‍ തന്നെയാണ് ബാവൂട്ടിയും.പക്ഷെ ചിരി വരുത്താന്‍ ശ്രമിച്ചു ചിന്ത ഇല്ലാതായത് പോലെ തോന്നി.(കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായ അവസ്ഥ ). സംവിധായകന്‍റെ കയ്യില്‍ നിന്ന് കടിഞ്ഞാണ്‍ വിട്ടു പോകുന്ന പല സന്ദര്‍ഭങ്ങളിലും ചിത്രത്തെ ഒറ്റക്ക് താങ്ങി നിര്‍ത്തുന്നത് മമ്മൂട്ടി എന്ന തൂണാണ്.ശരീര ഭാഷയിലും സംഭാഷണ അവതരണത്തിലും അദ്ദേഹം മികച്ചു നിന്നു.Bombay March 12 എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിക്കു ലഭിച്ച മികച്ച വേഷമാണ് ബാവൂട്ടി. ഷഹബാസ് അമന്‍റെ സംഗീതവും ബിജിപാലിന്‍റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരം പുലര്‍ത്തി എന്നേ പറയാനാകൂ.ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനത്തിലേക്കോ തിരക്കഥാ രചനയിലേക്കോ തന്നെ തിരിയുന്നതാവും നല്ലത്.

പരാമര്‍ശം അര്‍ഹിക്കുന്ന മറ്റൊരു പേരാണ് വിനീത്.ഒരു ക്ലിഷേ കഥാപാത്രം ആണെങ്കിലും വിനീത് അതിനെ സമീപിച്ച രീതി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

മഹത്തരമായ ഒരു സിനിമ അനുഭവം സമ്മാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില ഇടങ്ങളില്‍ എങ്കിലും ടെലിവിഷന്‍ പരമ്പരകളെ വെല്ലുന്ന നാടകീയത സഹിക്കാന്‍ പറ്റുന്നവര്‍ക്കും മമ്മൂട്ടി എന്ന നടനെ സ്നേഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും കാണാം ബാവൂട്ടിയെ.പക്ഷെ രഞ്ജിത് എന്ന പ്രതിഭാധനനായ തിരക്കഥാകൃത്തില്‍ നിന്ന് ഇതല്ല മലയാളികള്‍ പ്രതീക്ഷിക്കുന്നത്.തീര്‍ച്ച

Leave A Response »